ശശി തരൂരിന് കൂടുതല്‍ വോട്ട് നല്‍കുന്ന പി.സി.സികളെ പിരിച്ചുവിടുമെന്ന് ഹൈക്കമാന്‍ഡ്

  • 04/10/2022

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വെല്ലുവിളിയാണ് ശശിതരൂര്‍ ഉയര്‍ത്തുന്നുതെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ സമ്മതിക്കുന്നു. അതു കൊണ്ട് തന്നെ ശശി തരൂരിന് വോട്ടു കൂടുതല്‍ലഭിക്കുന്ന പി സി സി കളെ പിരിച്ചുവിടുമെന്ന ഭീഷണിയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഐ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാകട്ടെ എല്ലാ പി സി സി അധ്യക്ഷന്‍മാരെയും ഇതു ബോധ്യപ്പെടുത്തിക്കഴിഞ്ഞു. തരൂരിന് ഏതെങ്കിലും പി സി സി യില്‍ നിന്നു വോട്ടുകള്‍ കൂടുതല്‍ ലഭിച്ചാല്‍ പ്രസ്തുത പി സി സി അധ്യക്ഷന്‍ അതിനുത്തരവാദിയായിരിക്കുമെന്നാണ് ഹൈക്കമാന്‍ഡിന്റെ ഭീഷണി. ഇതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ തരൂരിന് മേല്‍ക്കൈ ലഭിക്കുന്ന ഒരു നീക്കവും ഒരു പി സി സി കളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവില്ലന്ന് ഉറപ്പുവരുത്തുകയാണ് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് ചെയ്യുന്നത്.

 

കെ സി വേണുഗോപാല്‍ ഇടപെട്ടാണ് കഴിഞ്ഞ ദിവസം കേരളാ -തെലുങ്കാനാ പി സി സി കളെക്കൊണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് അനുകൂലമായ പ്രസ്താവന ഇറിക്കിച്ചത് ഇതിന്റെഭാഗമായിട്ടാണ്. തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന ഒരു സ്ഥിതിവിശേഷവും ഉണ്ടാകാന്‍ പാടില്ലന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പി സി സി കള്‍ക്ക് നല്‍കുന്ന നിര്‍ദേശം. തരൂരിന് വോട്ടു കൂടുതല്‍ ലഭിക്കുന്ന പി സി സി കളെ തിരഞ്ഞെടുപ്പിന് ശേഷം പിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് ഉദ്ദേശിക്കുന്നതെന്ന പ്രചരണമാണ് കൂടുതല്‍ പി സി സി കളെ തരൂരിനെതിരാക്കുന്നത്.


കേരളത്തില്‍ ശശി തരൂര്‍ എഫക്റ്റിനെ പിടിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉപയോഗിക്കുന്നത് എ കെ ആന്റെണിയെയാണ്. അങ്ങിനെ ഓരോ സംസ്ഥാനത്തും സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് തരൂരിനെതിരായി ഉപയോഗിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഏക നേതാവാണ് എ കെ ആന്റെണിയെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനറിയാം. അത് കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മുതല്‍ എ കെ ആന്റെണിയെ ഉപയോഗിച്ചാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ശശി തരൂരിനെ പിന്തുണക്കുന്നതില്‍ നിന്നും പിന്‍മാറ്റാന്‍ കോണ്‍ഗ്രസ് ഹൈക്കാമന്‍ഡ് ശ്രമിക്കുന്നത്.

ശശി തരൂരിന് സംസ്ഥാനത്ത് നിന്ന് ആദ്യം പിന്തുണ പ്രഖ്യാപിച്ച നേതാക്കളിലൊരാള്‍ കോഴിക്കോട് എം പിയായ എം കെ രാഘവനാണ്. എം കെ രാഘവന്‍ എ ഗ്രൂപ്പില്‍ എ കെ ആന്റെണിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ആളാണ്. എ കെ ആന്റെണിയുടെ നിര്‍ബന്ധം കൊണ്ടാണ് എം കെ രാഘവന് കോഴിക്കോട് ലോക്സഭാ സീറ്റ് ലഭിച്ചതും. കേരളത്തിലെ വളരെ സീനിയറായ ഒരു നേതാവ് ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചത് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരുന്നു. അതെ തുടര്‍ന്ന് ഹൈബി ഈഡന്‍, കെ എസ് ശബരീനാഥന്‍ തുടങ്ങിയ നേതാക്കളും ശശി തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.



Related News