ലൈഫ് മിഷന്‍ കേസില്‍ ശിവശങ്കറെ സി.ബി.ഐ ചോദ്യം ചെയ്യും

  • 05/10/2022

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം .ശിവങ്കറിനെ നാളെ സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താന്‍ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴി രണ്ട് തവണ സി.ബി.ഐ എടുത്തിരുന്നു. തുടര്‍ന്നാണ് ശിവശങ്കറിനോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

കേസില്‍ ആദ്യമായാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.നിര്‍ധനരായ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കാന്‍ ദുബായിലെ റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടന നല്‍കിയ പണം വകമാറ്റി ചെലവഴിച്ചുവെന്നാണ് കേസ്. സ്വപ്ന സുരേഷും, സരിത്തും, സന്ദീപും അടക്കമുള്ളവര്‍ ഉള്‍പ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ലൈഫ് മിഷന്‍ കേസും ഉയര്‍ന്ന് വന്നത്. അന്വേഷണത്തിന്റെ ഭാഗമായി സ്വപ്നയുടെ അക്കൗണ്ടില്‍ നിന്ന് പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ കേസില്‍ ശിവങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കുറ്റപത്രത്തെ ആസ്പദമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. കേസില്‍ ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി ജോസ് അടക്കമുള്ളവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും കേസ് തുടരട്ടെയന്ന നിലപാടിലായിരുന്നു സുപ്രീംകോടതിയുടേത്. കേസില്‍ ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്. 18.50 കോടി രൂപയാണ് ലൈഫ് മിഷന്‍ പദ്ധതിക്കായി സ്വരൂപിച്ചത്. ഇതില്‍ 14.50 കോടി രൂപ കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ചപ്പോള്‍ ബാക്കി തുക കൈക്കൂലിയായി വിതരണം ചെയ്തുവെന്നാണ് കേസ്.

Related News