മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി

  • 05/10/2022

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ കടയില്‍ നിന്നും മാമ്പഴം മോഷ്ടിച്ച കേസില്‍ പ്രതിയായ പോലീസുകാരൻ ബലാത്സംഗക്കേസിലും പ്രതിയെന്ന് പോലീസ്. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

സസ്പെൻഷൻ കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച ശേഷമാണ് ഇപ്പോള്‍ മാമ്പഴ മോഷണം നടത്തിയത്. മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ ഇയാളെ സസ്പെൻഡ് ചെയ്യാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. ഇടുക്കി എ.ആര്‍. ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറാണ് പ്രതിയായ ഷിഹാബ്. 2019ല്‍ മുണ്ടക്കയം പൊലീസ് സ്‌റ്റേഷനിലാണ് ഇയാൾക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നതിനിടെയാണ് മാമ്പഴ മോഷണക്കേസും രജിസ്റ്റർ ചെയ്തത്. 
 
കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ മാമ്പഴം മോഷ്ടിക്കുന്നത് പതിഞ്ഞിരുന്നു. 

ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പോലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങി വരുന്നതിനിടെയാണ് ഇയാള്‍ കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിലുള്ള ഒരു കടയുടെ മുന്നില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. കടയുടെ മുമ്പില്‍ പെട്ടികളിലാക്കി മാമ്പഴം വെച്ചിരുന്നത് പോലീസുകാരന്‍ കണ്ടു. തുടര്‍ന്ന് സ്‌കൂട്ടര്‍ സമീപത്ത് നിര്‍ത്തി ചുറ്റും കണ്ണോടിച്ച ശേഷം പെട്ടികളില്‍ നിന്ന് ഇയാള്‍ മാമ്പഴം എടുക്കുകയായിരുന്നു. പത്ത് കിലോയോളം മാമ്പഴം ശിഹാബ് ഇത്തരത്തില്‍ സ്‌കൂട്ടറിന്റെ സീറ്റിനടിയിലേക്ക് മാറ്റി.

ഹെല്‍മറ്റും ഓവര്‍ക്കോട്ടും ധരിച്ചതിനാല്‍ സിസിടിവിയില്‍ ആളെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ സിസിവിയില്‍ കണ്ട സ്‌കൂട്ടറിന്റെ നമ്പര്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പോലീസാണെന്ന് വ്യക്തമായത്.  

Related News