എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു; മകന് പരിക്ക്

  • 06/10/2022

കോഴിക്കോട്: എൻഐടി സ്റ്റാഫ് ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികൾ മരിച്ചു. പൊള്ളലേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയായ മകന്‍ ചികിത്സയിലാണ്. എൻഐടി സിവിൽ എൻജിനീയറിങ് വിഭാഗം ടെക്നീഷ്യനായ അജയകുമാർ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. 

പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇവരുടെ ക്വാർട്ടേഴ്സിൽ നിന്ന് തീ ഉയരുന്നത് കണ്ട് സമീപവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കൊല്ലം സ്വദേശിയാണ് അജയകുമാർ. ഭാര്യ ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീ കൊളുത്തുകയായിരുന്നെന്നാണ് വിവരം. 

മകനെയും ഇയാള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മകന്‍ പിന്നിലെ വാതില്‍ വഴി വീടിനു പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയെ പരിക്കുകളോടെ കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Related News