കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും; ഓസ്‌കോ മാരിടൈം താൽപര്യമറിയിച്ചതായി മുഖ്യമന്ത്രി

  • 07/10/2022

കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്‌കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടി കാഴ്ചയിലാണ് കായി ജെസ്സ് ഇക്കാര്യം സൂചിപ്പിച്ചത്. കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്.  കാർബൺ ബഹിർഗമനം കുറയ്ക്കാനും സർക്കാർ പ്രത്യേകം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഓസ്‌കോയുടെ പിന്തുണ എംഡി വാഗ്ദാനം ചെയ്തു. ഓസ്‌കോ മരൈനു വേണ്ടി രണ്ട് ഇലക്ട്രിക് ബാർ ജുകൾ കൊച്ചിൻ ഷിപ്പ് യാർഡാണ് നിർമ്മിച്ചു നൽകിയത്. ലോകത്ത് ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് , ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ച കൊച്ചിൻ ഷിപ്പ് യാർഡ് പുതിയ ചരിത്രമാണ് സൃഷ്ടിച്ചത്. ഇതിന്റെ അടിസ്ഥാന ഡിസൈനും ബാറ്ററി സംവിധാനവും ഓസ്‌കോയാണ് ചെയ്തത്.  

കേരളത്തിൽ കമ്മീഷൻ  ചെയ്യാനിരിക്കുന്ന ജലപാതയിൽ സമാനമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാർജുകളുടെ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോർട്ടനിലെ ഓസ്‌കോ മറൈൻ ഓഫീസ് സന്ദർശിച്ച മുഖ്യമന്ത്രി ഷിപ്പ് യാർഡ് നിർമ്മിച്ച ബാർജും കണ്ടു. വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി എന്നിവർക്കൊപ്പം കൊച്ചിൻ ഷിപ്പ് യാർഡ് ചീഫ് ജനറൽ മാനേജർ രാജേഷ് ഗോപാലകൃഷ്ണനും ജനറൽ മാനേജർ ദീപു സുരേന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

കേരളത്തിൽ നിക്ഷേപ താൽപര്യങ്ങളുള്ള നോർവ്വീജിയൻ കമ്പനികളുടെ ഇന്ത്യൻ ചുമതലക്കാരുടെ സംഗമം ജനുവരിയിൽ കേരളത്തിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ് ലെയിൽ സംഘടിപ്പിച്ച ബിസിനസ് മീറ്റിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നോവേഷൻ നോർവ്വേ, നോർവ്വേ ഇന്ത്യ ചേമ്പർ ഓഫ് കോമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, നോർവ്വീജിയൻ ബിസിനസ് അസോസിയേഷൻ ഇന്ത്യ, എന്നീ സംഘടനകളുമായി ചേർന്ന് ഇന്ത്യൻ എംബസിയും ഇന്ത്യയിലെ നോർവ്വീജിയൻ എംബസിയും ചേർന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. 
അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികൾ പങ്കെടുത്തു. 

Related News