നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ട് വീഴും; നാളെ മുതൽ എംവിഡി ഫോക്കസ് 3 സ്‌പെഷ്യൽ ഡ്രൈവ്

  • 07/10/2022

തിരുവനന്തപുരം: നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ ഫോക്കസ് 3 സ്‌പെഷ്യൽ ഡ്രൈവ്. നാളെ മുതൽ  ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവ്. 

വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ കർശന പരിശോധന പുരോഗമിക്കുകയാണ്. നിയമലംഘനങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ വകുപ്പിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പിന്നാലെ കോടതിയിടപെടലുമുണ്ടായി. ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ് ഗതാഗത കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സംസ്ഥാന വ്യാപക പരിശോധന നടത്തുന്നത്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂറ് പോയ ബസ് ഉദ്യോഗസ്ഥർ തടഞ്ഞിട്ടു.  

എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങൾക്ക് പിഴയീടാക്കി. സംസ്ഥാന വ്യാപക പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് നിയമലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സ്‌പെഷ്യൽ ഡ്രൈവും നടത്താൻ തീരുമാനമായത്. ടൂറിസ്റ്റ് ബസ് അടക്കം നിയമം ലംഘിച്ച് നിരത്തിലോടുന്ന എല്ലാ വാഹനങ്ങൾക്കും എതിരെ മോട്ടോർ വാഹന വിഭാഗം നടപടിയെടുക്കുന്നുണ്ട്. അന്തർ സംസ്ഥാന സർവീസ് വാഹനങ്ങൾ പ്രത്യേകം പരിശോധിക്കും.

Related News