ആശുപത്രിയില്‍ കൊണ്ടുപോയില്ല, വീട്ടില്‍ പ്രസവിച്ചു; യുവതിയും കുഞ്ഞും മരിച്ചു

  • 07/10/2022

കൊല്ലം: കൊല്ലം ചടയമംഗലത്ത് വീട്ടില്‍ പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശിനി  അശ്വതിയും ഇവരുടെ നവജാത ശിശുവുമാണ് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ വച്ച് മരിച്ചത്. ഇന്നലെ അര്‍ധരാത്രി ഒരു മണിയോട് കൂടിയായിരുന്നു സംഭവം. 

ഭര്‍ത്താവ് അനിലും 17 വയസുകാരനായ മകനും മാത്രമാണ് അശ്വതിയുടെ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെ അശ്വതിക്ക് പ്രസവവേദന തുടങ്ങി. എന്നാല്‍ ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവോ മകനോ തയ്യാറായില്ലെന്നും ഇരുവരും ചേര്‍ന്ന് അശ്വതിയുടെ പ്രസവമെടുക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. 
പ്രസവിച്ച ശേഷം അശ്വതി മകനോടും ഭര്‍ത്താവിനോടും വെള്ളം ചോദിച്ചു. പിന്നീട് ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. 

അവശനിലയിലായ അശ്വതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വീട്ടുകാര്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അശ്വതിയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്യുകയാണ്.  നേരത്തേയും രണ്ട് തവണ അശ്വതി വീട്ടിൽ വെച്ച് പ്രസവിച്ചിരുന്നുവെന്നും കുട്ടികൾ മരണപ്പെട്ടെന്നുമുള്ള സൂചനയും ഇപ്പോൾ പോലീസിന് ലഭിച്ചു. ഇതേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.  

Related News