ഒന്നരമാസം മുമ്പ് വീട്ടുജോലിക്കെത്തി; 25 ലക്ഷം രൂപയും ആഭരണങ്ങളുമായി ദമ്പതികള്‍ മുങ്ങി

  • 07/10/2022

ഗാന്ധിനഗർ: വീട്ടുജോലിക്കെത്തി പണവും ആഭരണങ്ങളുമായി മുങ്ങിയ ദമ്പതിമാർക്കായി തിരച്ചിൽ. ഗുജറാത്തിലാണ് സംഭവം.​കെട്ടിട നിർമാതാവായ പ്രഭാത് സിന്ധവിന്റെ രാജ്കോട്ടിലെ വീട്ടിൽ നിന്നാണ് പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്നത്. 25 ലക്ഷം രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായാണ് ദമ്പതികള്‍ കടന്നുകളഞ്ഞത്.

ബുധനാഴ്ച സിന്ധവും ഭാര്യയും വീട്ടിലില്ലാത്ത സമയത്ത് ഇവരുടെ മകനെ കെട്ടിയിട്ടാണ് സംഘം കവര്‍ച്ച നടത്തിയതെന്നാണ് പരാതി. വീട്ടുജോലിക്കായി നിന്ന അനിൽ നേപ്പാളി, ഭാര്യ, കവർച്ചയ്ക്ക് കൂട്ടുനിന്ന രണ്ട് സുഹൃത്തുക്കൾ എന്നിവര്‍ക്കായാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്. ഒന്നരമാസം മുമ്പാണ് അനിൽ നേപ്പാളിയും ഭാര്യയും പ്രഭാത് സിന്ധവിന്റെ വീട്ടിൽ ജോലിക്കെത്തിയത്. വീടിനോട് ചേർന്നുള്ള ഔട്ട്ഹൗസിൽ തന്നെ ഇവർക്ക് താമസസൗകര്യവും നൽകിയിരുന്നു.  

മാതാപിതാക്കൾ അഹമ്മദാബാദിൽ പോയ സമയത്ത് വീടിന്റെ മൂന്നാം നിലയിലുള്ള കിടപ്പുമുറിയിലേക്ക് കടന്നുവന്ന അനിൽ നേപ്പാളിയും സുഹൃത്തുക്കളും കത്തികാണിച്ച്  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പണമിരിക്കുന്ന മുറി കാണിച്ചുകൊടുക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടെന്നും സിന്ധവിന്റെ മകൻ ജാഷ് പോലീസിന് മൊഴി നൽകി. 

പണവും ആഭരണങ്ങളുമിരിക്കുന്ന സ്ഥലം പറഞ്ഞതോടെ തന്നെ കെട്ടിയിടുകയും വായ തുണി കൊണ്ട് പൊത്തുകയും ചെയ്തതായും മൊഴിയില്‍ പറയുന്നു. ജാഷിനേയോ അനിൽ നേപ്പാളിയേയോ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സിന്ധവ് തന്റെ സഹോദരൻ ജയേഷ് സിന്ധവിനെ വിവരമറിയിച്ചു. ജാഷിനെ തിരഞ്ഞെത്തിയ ജയേഷാണ് കുട്ടിയെ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 

Related News