'കേരളത്തിന്റെ വികസനം സില്‍വര്‍ലൈനിലൂടെ'; വിദ്യാർത്ഥികൾക്കായി സിംപോസിയം ഒരുക്കാൻ കെ റെയിൽ

  • 08/10/2022

തിരുവനന്തപുരം: അഞ്ച് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി വേണ്ടി കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ (കെ റെയില്‍) സിംപോസിയം നടത്തുന്നു. 'കേരളത്തിന്റെ വികസനം സില്‍വര്‍ലൈനിലൂടെ' എന്ന വിഷയത്തിലാണ് സിംപോസിയം. സംസ്ഥാനത്തെ എല്ലാ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും സിംപോയിസത്തില്‍ പങ്കെടുക്കാം. എല്ലാ ജില്ലകളില്‍ നിന്നുമുള്ള കുട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളുടെ സൗകര്യം പരി​ഗണിച്ചും ഓണ്‍ലൈനായാണ് സിംപോസിയം നടത്തുന്നത്. സിംപോസിയത്തില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നും കെ റെയില്‍ അറിയിച്ചു. ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്തും വെബ്സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യേണ്ടത്.


അതിനിടെ, പ്രതിഷേധങ്ങള്‍ക്കിടയിലും സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. 11 ജില്ലകളിലെ സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളില്‍ ഓരോന്നിലും ചുമതലപ്പെടുത്തിയ 18 ഉദ്യോഗസ്ഥരുടേയും സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ഓഫീസിലെ ഏഴ് ഉദ്യോഗസ്ഥരുടേയും ആണ് കാലാവധി പുതുക്കി നല്‍കിയത്

സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികള്‍ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികള്‍ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജന്‍സികളുടെ കാലാവധി പുതുക്കി നല്‍കുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.

Related News