'മണി ഹീസ്റ്റ്' മോഡല്‍ ബാങ്ക് കവർച്ച മുഖ്യപ്രതി പിടിയില്‍, 9 കോടി രൂപ കണ്ടെടുത്തു

  • 08/10/2022

മുംബൈ : ഏറെ ജനപ്രീതി നേടിയ നെറ്റ്ഫ്ലിക്‌സ് വെബ് സീരിസായ 'മണി ഹീസ്റ്റ്' മോഡലില്‍ ബാങ്ക് കൊള്ള.  മഹാരാഷ്ട്രയിലാണ് സംഭവം. കവർച്ചയുടെ മുഖ്യപ്രതിയായ 43 കാരനായ അൽത്താഫ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 9 കോടി രൂപ കണ്ടെടുത്തതായും പോലീസ് അറിയിച്ചു. 

ഈ വർഷം ജൂലൈയിലാണ് കവര്‍ച്ച നടന്നത്. അന്വേഷണത്തിൽ താനെയിലെ ഐസിഐസിഐ ബാങ്ക് ശാഖയിൽ നിന്ന് 22 കോടി രൂപ കണ്ടെടുത്തിരുന്നു. സംഭവത്തില്‍ നേരത്തേ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 12 കോടി രൂപ കണ്ടെടുക്കുകയും ചെയ്തിരുന്നു. മുഖ്യപ്രതിയുടെ സഹോദരി നീലോഫറും അറസ്റ്റിലായതായി പോലീസ് പറഞ്ഞു. 

ഐസിഐസിഐ ബാങ്കിൽ കസ്റ്റോഡിയനായി ജോലി ചെയ്തു വരികയായിരുന്നു മുംബൈ നിവാസിയായ ഷെയ്ഖ്. ബാങ്കിന്റെ ലോക്കർ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു ഇയാൾ. എസി ഡക്‌റ്റ് വീതികൂട്ടി ചവറ്റുകുട്ടയിലേക്ക് പണം കടത്തിവിടുകയും സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം കാട്ടുകയും ചെയ്‌താണ് ഷെയ്ഖ് മുഴുവൻ കവർച്ചയും ആസൂത്രണം ചെയ്‌തതെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. 

അലാറം സംവിധാനം നിർജ്ജീവമാക്കുകയും സിസിടിവി സംവിധാനം അട്ടിമറിക്കുകയും ചെയ്തു. ശേഷം ബാങ്ക് നിലവറ തുറന്ന് പണം കുഴലിലേക്കും താഴെയുള്ള കൊട്ടയിലേക്കും മാറ്റുകയായിരുന്നു. ഡിവിആറും സെക്യൂരിറ്റി പണവും നഷ്ടപ്പെട്ടതായി ബാങ്ക് മനസ്സിലാക്കിയതോടെയാണ് കവര്‍ച്ചയുടെ വിവരം പുറത്തറിയുന്നത്. ഒരു വർഷത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതി ബാങ്ക് കൊള്ളയടിച്ചത്. 

Related News