ചെരുപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പാടത്തെ കുഴിയില്‍ വീണ് അമ്മയും മകളും മരിച്ചു

  • 08/10/2022

തൃശ്ശൂര്‍: തൃശ്ശൂര്‍ മാള പൂപ്പത്തിയില്‍ പാടത്തെ കുഴിയില്‍ വീണ് അമ്മയും മകളും മുങ്ങിമരിച്ചു. മാള, പള്ളിപ്പുറം സ്വദേശി കളപ്പുരയ്ക്കല്‍ ജിയോയുടെ ഭാര്യ മേരി അനു (37), മകള്‍ ആഗ്‌ന (11) എന്നിവരാണ് മരിച്ചത്. പൂപ്പത്തിയില്‍ താമസിക്കുന്ന ഇവര്‍ ബന്ധുവിന്റെ വീട്ടില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പൂപ്പത്തി ചുള്ളൂര്‍ ക്ഷേത്രം റോഡിലെ പാടത്ത് കൃഷിയുടെ ആവശ്യത്തിനായി എടുത്ത കുഴിയിലാണ്‌ ഇരുവരും മരിച്ചത്. 15 അടിയോളം ആഴമുള്ള കുഴിയിലാണ്‌ അപകടം ഉണ്ടായത്. റോഡില്‍ നിന്നപ്പോള്‍ കുഴിക്കടുത്ത്‌ പോയ ഇളയ കുട്ടിയുടെ ചെരുപ്പ് വെള്ളത്തില്‍ വീണു. 

മകള്‍ വിളിച്ചപ്പോള്‍ റോഡില്‍ നിന്നിരുന്ന മേരി അനു ചെരുപ്പ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ വഴുതി കുഴിയിലേക്ക്‌ വീഴുകയായിരുന്നു. കണ്ടു നിന്ന ആഗ്‌ന അമ്മയെ രക്ഷിക്കാന്‍ ഇറങ്ങിയെങ്കിലും താഴ്ന്നു പോകുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തെരച്ചില്‍ നടത്തി. തുടര്‍ന്ന് അഗ്നിരക്ഷാ സേന എത്തിയാണ് ഇരുവരെയും കരയിലേക്ക് കയറ്റിയത്. ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
 

Related News