സഹോദരനോടുള്ള പ്രതികാരം തീർക്കാന്‍ എട്ടുവയസ്സുകാരിയെ അയൽവാസി കൊലപ്പെടുത്തി

  • 08/10/2022

ദില്ലി: എട്ടുവയസ്സുകാരിയെ അയൽവാസി കൊലപ്പെടുത്തി. കുട്ടിയുടെ സഹോദരനോട് പ്രതിക്കുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. വടക്കൻ ദില്ലിയിലെ നരേല മേഖലയിൽ ആണ് സംഭവം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ കാണാതായതായി പോലീസിന് വിവരം ലഭിച്ചത്. 

പ്രതിയും കുട്ടിയുടെ കുടുംബവും സമീപ വീടുകളിലാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതായും തലയോട്ടിയിൽ ഒടിവുകൾ സംഭവിച്ചതായും കണ്ടെത്തി. എന്നാല്‍ ലൈംഗികാതിക്രമത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. 

കുട്ടിയുടെ വീട്ടിൽ നിന്ന് 150 മീറ്റർ ചുറ്റളവിൽ പ്രധാന റോഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. രാത്രി 11.30 ഓടെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആദ്യം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ സഹോദരനുമായി ഉണ്ടായിരുന്ന ബന്ധം വഷളായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. 

സഹോദരനോടുള്ള പ്രതികാരം തീർക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നൽകി. മൃതദേഹം കണ്ടെടുത്തതായും ക്രൈം ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തിയതായും പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയതോടെ ഐപിസി സെക്ഷൻ 302 വകുപ്പുകൂടി ചേര്‍ത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 
 

Related News