അപകടങ്ങൾ വർധിക്കുന്നു; ബാറുടമകള്‍ ഉപഭോക്താവിന് ​ഗതാ​ഗതസൗകര്യം ഒരുക്കണമെന്ന് ഗോവൻ സർക്കാർ

  • 11/10/2022

നാജി: മദ്യപിച്ച്‌ വാഹനമോടിച്ചതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന അപകടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ​ഗോവന്‍ സര്‍ക്കാരിന്റെ വേറിട്ട നിയമം. ബാറുടമകള്‍ ഉപഭോക്താവിന് ​ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിന്‍ ഗോഡീഞ്ഞോ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉറപ്പായും കാറുകള്‍ ഏര്‍പ്പാടാക്കി നല്‍കണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്.


റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യപിച്ചവര്‍ വാഹനമോടിച്ച്‌ പോകാതെ നോക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമമെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷവും ഗോഡിഞ്ഞോ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അത് നടപ്പായിരുന്നില്ല. അടുത്തിടെ പൊലീസ് രാത്രിയില്‍ പരിശോധന ശക്തമാക്കുകയും മദ്യപിച്ച്‌ വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്. ആളുകള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍, ബാറുടമകള്‍ അവരെ സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ക്യാബ് ക്രമീകരിക്കണം. അവര്‍ക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങള്‍ എടുക്കാം." അദ്ദേഹം പറഞ്ഞു.

വലിയ തിരക്കുള്ള ബാറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെടാന്‍ താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും മദ്യപിച്ചാല്‍, അവരെ ഒരു ക്യാബ് വാടകയ്‌ക്ക് എടുത്ത് വീട്ടിലേക്ക് അയയ്ക്കേണ്ടത് ബാര്‍ ഉടമയുടെ ഉത്തരവാദിത്തമാണ്. അവരെ സ്വന്തം കാര്‍ ഓടിച്ച്‌ അയയ്‌ക്കരുത്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഗോവയില്‍ ഏര്‍പ്പെടുത്തുന്ന പുതിയ നിയമമാണിത്. വളരെ കര്‍ശനമായി തന്നെ നിയമം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

Related News