അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമനിര്‍മ്മാണം അടിയന്തിരമായി നടത്തണം; കാനം രാജേന്ദ്രന്‍

  • 11/10/2022

ഇലന്തൂരിൽ അതിക്രൂരമായി രണ്ട് സ്ത്രീകളെ പ്രാചീനകാലത്ത് നിലനിന്നിരുന്ന നരബലി എന്ന അനാചാരത്തിന്റെ പേരിൽ കൊലപ്പെടുത്തിയത് ഞെട്ടലുളവാക്കുന്നതും അതീവ ഉത്ക്കണ്ഠ ഉളവാക്കുന്നതുമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര ബോധവും യുക്തി ചിന്തയും സമൂഹത്തിൽ ശക്തമായി പ്രചരിപ്പിക്കണമെന്ന ബോധത്തിലേക്കാണീ സംഭവം വിരൽ ചൂണ്ടുന്നത്.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിയമ നിർമ്മാണത്തിനുവേണ്ടി നിരന്തരം പോരാടിയ ധാബോൽക്കർ മതതീവ്രവാദികളാൽ കൊല്ലപ്പെട്ട് കഴിഞ്ഞ് ദിവസങ്ങൾക്കകം മഹാരാഷ്ട്ര നിയമസഭ അന്ധവിശ്വാസ-അനാചാര വിരുദ്ധ നിയമം പാസ്സാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തു. ഈ നിയമ നിർമ്മാണത്തിനു വേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളിൽ ഇടപെട്ടിരുന്ന ഗോവിന്ദ പൻസാരെയും മതതീവ്രവാദികളാൽ കൊല്ലപ്പെട്ടു. കർണാടകയിലും മഹാരാഷ്ട്ര മാതൃകയിൽ നിയമ നിർമ്മാണം നടത്തി. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കൽബുർഗിയേയും കൊലപ്പെടുത്തുകയുണ്ടായി.

ശാസ്ത്ര ചിന്ത സമൂഹത്തിൽ നിന്നും വ്യക്തിജീവിതത്തിൽ നിന്നും എത്ര അകലെയാണെന്ന് ബോധ്യപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾക്ക് കേരളം ഇതിനുമുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിലെ ആന്റീ സൂപ്പർസ്റ്റിഷ്യൻ ആന്റ് ബ്ലാക്ക് മാജിക് ആക്ടും കർണാടകയിലെ ദി കർണാടക പ്രിവൻഷൻ ആന്റ് ഇറഡിക്കേഷൻസ് ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് ആന്റ് ബ്ലാക്ക് മാജിക് ആക്ട് 2017 മാതൃകയിൽ കേരളത്തിൽ അടിയന്തിരമായി നിയമനിർമ്മാണം നടത്തണമെന്ന് സംസ്ഥാന സർക്കാരിനോട് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾക്കെതിരെ കേരള മനസാക്ഷി ആകെ ഉണർന്നു പ്രവർത്തിക്കണമെന്നും കാനം പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

Related News