മതനിരപേക്ഷ വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകണം, ഇല്ലെങ്കിൽ നടപടി: മന്ത്രി എം ബി രാജേഷ്

  • 13/10/2022

തിരുവനന്തപുരം: വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തുനൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് നൽകണമെന്ന നിർദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബർ 23ന് ഉദ്യോഗസ്ഥർക്ക് നൽകിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിർദേശത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹരജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത്. 

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിൻറെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകണം. നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Related News