വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു

  • 13/10/2022

തൃശ്ശൂര്‍: വടക്കഞ്ചേരി അപകത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗമാണ് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ തീരുമാനമെടുത്തത്. അപകട ഇന്‍ഷുറന്‍സ് തുകയ്ക്ക് പുറമെയാണ് ഈ സഹായം. ഒന്‍പത് പേരാണ് വടക്കഞ്ചേരി അപകടത്തില്‍ മരണപ്പെട്ടത്.


അപകടത്തില്‍ സാരമായി പരിക്കേറ്റവരില്‍ ആവശ്യമുള്ളവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ തൃശ്ശൂരില്‍ അറിയിച്ചു. അപകടത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ മുന്‍തീരുമാന പ്രകാരം പൂ‍ര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് വടക്കഞ്ചേരിയില്‍ വച്ച്‌ അപകടത്തില്‍പ്പെട്ടത്. മണിക്കൂറില്‍ 97 കിലോമീറ്റര്‍ വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് മുന്‍പിലുണ്ടായിരുന്ന ഒരു കാറിനും കെഎസ്‌ആര്‍ടിസി ബസിനും ഇടയിലൂടെ മറികടന്നു പോകാന്‍ നടത്തിയ ശ്രമമാണ് വലിയ അപകടത്തില്‍ കലാശിച്ചത്. കെഎസ്‌ആര്‍ടിസി ബസിന്‍്റെ പിറകില്‍ ഇടിച്ച്‌ നിയന്ത്രണം തെറ്റിപ്പോയ ടൂറിസ്റ്റ് ബസ് ഇടതുഭാഗത്തുള്ള താഴ്ചയിലേക്ക് മറിഞ്ഞു വീണാണ് അപകടം സംഭവിച്ചത്.

Related News