പ്രീ പ്രൈമറി തലം മുതല്‍ തന്നെ ട്രാഫിക് ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉൾപെടുത്തുന്ന കാര്യം പരിഗണനയിലെന്ന് വി ശിവൻകുട്ടി

  • 14/10/2022

തിരുവനന്തപുരം: പ്രീ പ്രൈമറി തലം മുതല്‍ തന്നെ ട്രാഫിക് ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍ചേര്‍ക്കുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തിരുവനന്തപുരം കമലേശ്വരം ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കേരള പൊലീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ കേരളത്തിന്‌ ഉയര്‍ന്ന സാക്ഷരതാ നിരക്കും ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉണ്ട്. എന്നാല്‍ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച്‌ ഇനിയും ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഓരോരുത്തര്‍ക്കും ഗതാഗത സാക്ഷരത ഉണ്ടാവേണ്ടതുണ്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് ഏറെ നന്നാവും. ഇക്കാര്യം കരിക്കുലം സമിതി ഏറെ ഗൗരവത്തോടെ കാണും- മന്ത്രി പറഞ്ഞു.

ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്ന സാഹചര്യം എല്ലാവരിലും ഉണ്ടാവണം. അതിനുള്ള ബോധവല്‍ക്കരണം വളരെ ചെറുപ്പത്തില്‍ തന്നെ നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേരള പോലീസിന് വിദ്യാഭ്യാസ വകുപ്പിനെ ഏറെ സഹായിക്കാന്‍ കഴിയുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. റോഡപകടങ്ങള്‍ സംഭവിക്കാതിരിക്കുന്നതിനും ഗതാഗത സുരക്ഷ ഉറപ്പു വരുത്തുന്നതിനുമായി കേരള സര്‍ക്കാര്‍ 2022-23 വര്‍ഷത്തെ സ്റ്റേറ്റ് പ്ലാന്‍ സ്കീമില്‍ തിരുവനന്തപുരം സിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളുടെ പരിസരത്തായി ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുകയാണ്. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ട്രാഫിക് അവബോധം നല്‍കുന്നതിനായുള്ള ഈ ട്രാഫിക് റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനമാണ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിച്ചത്.

Related News