മോളെ, ഭക്ഷണം കഴിച്ചതാണോ? ലൈല നിര്‍ബന്ധിച്ചിട്ടും പോയില്ല; ജീവന്‍ നഷ്ടപ്പെടാത്തതിന്‍റെ ആശ്വാസത്തില്‍ സുമ

  • 14/10/2022

പത്തനംതിട്ട: പത്തനംതിട്ട ഇലന്തൂരിലെ നരബലിയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. എന്നാല്‍ നരബലിയിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം ഓർത്തെടുക്കുകയാണ് പത്തനം തിട്ട സ്വദേശിനിയായ എസ്. സുമ. 

കഴിഞ്ഞ സെപ്റ്റംബർ 10നാണ് സംഭവം. അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ കലക്ഷൻ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവിൽ വീട്ടിൽ താമസിക്കുന്ന സുമ. കലക്ഷനു വേണ്ടി ഭഗവൽ സിങ്ങിന്റെയും ലൈലയുടെയും വീടിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു സുമ.  

ഉച്ചക്ക് രണ്ടു മണി കഴിഞ്ഞ സമയാണ്. റോഡില്‍ മറ്റാരും ഇല്ലായിരുന്നു. ഒരു വീടിന്റെ മുൻഭാഗത്തെ കാവിലേക്ക് നോക്കിയപ്പോൾ ഒരു സ്ത്രീയെ കണ്ടു. മോളെ, നീ ഭക്ഷണം കഴിച്ചോ? എന്ന് സ്ത്രീ ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ ഇവിടെ നിന്ന് കഴിക്കാമെന്ന് അവർ പറഞ്ഞു. വീട്ടിൽ ചെന്നിട്ട് കഴിക്കാമെന്ന് സുമ പറഞ്ഞിട്ടും സ്ത്രീ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. സുമ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നു കണ്ടപ്പോൾ വീട്ടിലേക്ക് കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാമെന്ന് നിർബന്ധിച്ചു.   

എന്നാല്‍ അപരിചിതയായ സ്ത്രീയുടെ നിര്‍ബന്ധത്തില്‍ അസ്വാഭാവികത തോന്നിയ സുമ വേഗം അവിടെ നിന്ന് പോയി. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവനയായി 60 രൂപ കൊടുക്കുകയും ചെയ്തു. ബാബു എന്ന പേരിലാണ് അതിന്റെ രസീത് നൽകിയത്. ഈ സ്ത്രീ ലൈല ആയിരുന്നെന്ന് ഇപ്പോഴാണ് സുമ തിരിച്ചറിയുന്നത്. ഷാഫിയുടെ നിർദേശ പ്രകാരം ലൈലയും ഭഗവൽ സിങ്ങും നരബലിക്കായി രണ്ടാമത്തെ സ്ത്രീയെ അന്വേഷിക്കുന്ന സമയമായിരുന്നു അത്. ഈ സംഭവത്തിന് രണ്ടാഴ്ചക്കു ശേഷമാണ് പദ്മ കൊല്ലപ്പെട്ടത്. ഭാഗ്യം കൊണ്ട് ജീവന്‍ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഇപ്പോള്‍ സുമ. 

 

Related News