മരംവിറ്റു കിട്ടിയ പണം സംബന്ധിച്ച് തര്‍ക്കം; അമ്മയെ മകള്‍ കൊലപ്പെടുത്തി

  • 15/10/2022

കൊല്ലം: മരംവിറ്റു കിട്ടിയ പണവുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ മകള്‍ അമ്മയെ കൊലപ്പെടുത്തി. കൊല്ലം പൂയപ്പളളി കരിങ്ങന്നൂരില്‍ സുജാതയാണ് കൊല്ലപ്പെട്ടത്. അമ്മയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതാണെന്ന് മുപ്പതുവയസുളള മകള്‍ സൗമ്യ സമ്മതിച്ചു.

രണ്ടു ദിവസം മുന്‍പാണ് സംഭവം. കരിങ്ങന്നൂർ ആലുമൂട്ടിൽ അന്‍പത്തിരണ്ടു വയസുളള സുജാതയെ വീടിന് സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുജാതയുടെ ശരീരത്തിൽ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് കിട്ടിയ ഷാളിൽ രക്തക്കറയും കണ്ടെത്തി.

സുജാതയും മകള്‍ സൗമ്യയും മാത്രമാണ് വീട്ടില്‍‌ താമസിച്ചിരുന്നത്. സൗമ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. അമ്മയും മകളും ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ശീലമുണ്ടായിരുന്നു. പുരയിടത്തിലെ മരം വിറ്റുകിട്ടിയ പണത്തെചൊല്ലിയുള്ള തർക്കമാണ് അമ്മയെ കൊലപ്പെടുത്താന്‍ കാരണമായതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കി. കൂടാതെ മൂന്നു സെന്റ് സ്ഥലം കൈവശപ്പെടുത്തണമെന്നും ആഗ്രഹിച്ചിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സൗമ്യയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

Related News