സീനിയര്‍മാരായ പ്രൊഫസര്‍മാരുടെ പട്ടിക ഉടന്‍ നൽകാൻ നിർദ്ദേശിച്ച് ഗവർണർ

  • 16/10/2022

തിരുവനന്തപുരം: സീനിയര്‍മാരായ പ്രൊഫസര്‍മാരുടെ പട്ടിക ഉടന്‍ നല്‍കണമെന്ന് വിവിധ സര്‍വകലാശാല വിസിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഗവര്‍ണര്‍. 24 ന് കേരള വിസി വിരമിക്കുന്ന സാഹചര്യത്തില്‍ പകരം ചുമതല നല്‍കാനാണിത്. ഒരു സര്‍വകലാശാല വിസി വിരമിക്കുമ്ബോള്‍ സമീപത്തെ സര്‍വകലാശാല വിസിക്ക് ചുമതല നല്‍കുന്നതാണ് പതിവ്.


ഇതിന് പകരം സീനിയറായ പ്രൊഫസര്‍ക്ക് തന്നെ ചുമതല നല്‍കാനാണ് ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടിയാണ് മുതിര്‍ന്ന പ്രൊഫസര്‍മാരുടെ പട്ടിക ആവശ്യപ്പെട്ടത്.

അതേസമയം, ഗവര്‍ണറും കേരള സര്‍വകലാശാലയും തമ്മിലെ പോര് അതി രൂക്ഷമായി തുടരുകയാണ്. തന്‍്റെ നോമിനികളായ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചു കൊണ്ടുള്ള അസാധാരണ നടപടിയാണ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്വീകരിച്ചത്. പിന്‍വലിച്ചതില്‍ നാല് വകുപ്പ് മേധാവിമാരുമുണ്ട്. 15 ല്‍ രണ്ട് പേര്‍ സിണ്ടിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്. നിലവിലെ സ്ഥിതിഗതികള്‍ വൈസ് ചാന്‍സലര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചട്ട പ്രകാരമുള്ള നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത് എന്നതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ ആകില്ല.

ചൊവ്വാഴ്ച്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും ഇടത് അംഗങ്ങള്‍ വിട്ടു നിന്നത് സിപിഎം തീരുമാന പ്രകാരമാണ്. കൂടുതല്‍ കടുത്ത നടപടിയിലേക്ക് ഗവര്‍ണര്‍ കടക്കും എന്നത് സര്‍ക്കാരിനുള്ള മുന്നറിയിപ്പാണ്. നാലിനാണ് അടുത്ത സെനറ്റ് യോഗം.

Related News