സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

  • 17/10/2022

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്നു. 

കഴിഞ്ഞ മാസം 24ന് പരീക്ഷ എഴുതിയ ശേഷം സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാര്‍ഥി. സ്കൂളിലെ മറ്റൊരു വിദ്യാർഥി കുപ്പിയിലുള്ള ശീതളപാനീയം അശ്വിന് കുടിക്കാൻ നൽകി. ഇത് കുടിച്ച ശേഷം വീട്ടിലേക്ക് പോയ അശ്വിന് ഛർദ്ദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു. കുട്ടിയെ ഉടൻ തന്നെ കളിയിക്കാവിളയിലെ ആശുപത്രിയിലും പിന്നീട് മാർത്താണ്ഡത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.  

കുട്ടിയുടെ വായിലും നാവിലും വ്രണങ്ങൾ ഉണ്ടായി. പരിശോധനയിൽ ആസിഡ് പോലുള്ള ദ്രാവകം ശരീരത്തിൽ കലർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രി അധികൃതർ കളിയിക്കാവിള പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു. സ്കൂളിൽ വെച്ച് ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം തന്നുവെന്നും അതു കുടിച്ചെന്നും കുട്ടി പോലീസിൽ മൊഴി നൽകിയിരുന്നു. 

എന്നാൽ ഏത് വിദ്യാർഥിയാണ് ശീതള പാനീയം നൽകിയത് എന്നകാര്യം അറിയില്ലെന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. രണ്ടു വൃക്കകളും തകരാറിലായ കുട്ടിയെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related News