അംഗൻവാടിയിൽ കയറി കഞ്ഞി വെച്ച് കഴിക്കും, മോഷണം; പ്രതി പിടിയിൽ

  • 17/10/2022

കണ്ണൂർ: അംഗൻവാടിയിൽ കയറി കഞ്ഞി വച്ചു കഴിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രതി പിടിയിൽ. മട്ടന്നൂർ മണ്ണൂർ സ്വദേശി വിജേഷ് എന്നയാളാണ് പിടിയിലായത്. കണ്ണൂർ ജില്ലയിൽ  സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 

അംഗനവാടിയിൽ കയറി കഞ്ഞിയും പയറും ഓംലറ്റും ഉണ്ടാക്കി കഴിച്ച ശേഷം അവിടെത്തന്നെ കിടന്നുറങ്ങി പുലർച്ചെ പോകാൻ നേരം വില പിടിപ്പുള്ളതെന്തെങ്കിലും മോഷ്ടിച്ച് കടന്നു കളയുന്നതാണ് ഇയാളുടെ പതിവ്. ജില്ലയിൽ പലയിടങ്ങളിലായി നാല് തവണ സമാന രീതിയില്‍ മോഷണം നടത്തി. താവക്കര വെസ്റ്റ് അംഗനവാടിയിൽ രണ്ട് തവണയാണ് ബിജേഷ് മോഷ്ടിക്കാൻ കയറിയത്. ആദ്യ തവണ കഞ്ഞിയും പയറും ഉണ്ടാക്കി കഴിച്ച് ഒരു ഓംലറ്റും ഉണ്ടാക്കി തിന്ന് ഉറക്കവും കഴിഞ്ഞായിരുന്നു മടങ്ങിയത്. 

തിരിച്ച് പോകുമ്പോൾ കുട്ടികൾക്കായുള്ള വാട്ടർ പ്യൂരിഫയറും കൈക്കലാക്കി. താവക്കര വെസ്റ്റ് അംഗനവാടിയിൽ തുടർച്ചയായി മോഷണവും അക്രമവും നടത്തി മടങ്ങിയ ഇയാളുടെ ദൃശ്യങ്ങള്‍ സി സി ടി വിയിൽ പതിഞ്ഞതോടെയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അംഗനവാടിയിൽ കയറുകയും അവിടെ ക‍ഞ്ഞി വെച്ചു കുടിച്ചതിന് ശേഷം അടിച്ചു തകർക്കുകയും ചെയ്തിരുന്നു. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ ഹോൾ സെയിൽ ഷോറൂമിൽ കയറി പണവും  ഡ്രസ്സും കവർന്ന കേസിലും പ്രതിയാണ്.
 

Related News