സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി: ഗവർണർക്ക് എതിരെ സിപിഎം അംഗങ്ങൾ കോടതിയിലേക്ക്

  • 18/10/2022

തിരുവനന്തപുരം : ഗവർണർക്ക് എതിരെ കോടതിയിലേക്ക് നീങ്ങാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ. അംഗങ്ങളെ പിൻവലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാൻ ആണ് നീക്കം. ഇതിനുമുന്നോടിയായി കേരള സെനറ്റിലെ സിപിഎം അംഗങ്ങൾ നിയമോപദേശം തേടി . സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചത് നോട്ടീസ് നൽകാതെ എന്നാണ് പരാതി. രണ്ട് സിപിഎം അംഗങ്ങൾ അടക്കം 15 പേരെ ആയിരുന്നു ഗവർണർ പിൻവലിച്ചത്

ചാൻസലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസിലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരും രണ്ട് പേർ സിന്റിക്കേറ്റ് അംഗങ്ങളും പിൻവലിക്കപ്പെട്ടവരിൽ ഉൾപ്പെടും. 

പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന സെനറ്റ് യോഗത്തിൽ നിന്ന് ഇടത് അംഗങ്ങൾ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവർണർ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകൾ അടക്കമുള്ള റിപ്പോർട്ട് തേടിയ ഗവർണർ ഇത് ലഭിച്ചതോടെയാണ് അപൂർവ്വമായി മാത്രം ഉപയോഗിക്കുന്ന 'അംഗങ്ങളെ പിൻവലിക്കുന്ന' നടപടിയിലേക്ക് കടന്നത്.

Related News