റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്ക്; തുറന്നപ്പോള്‍ നിറയെ പണം, ഒടുവില്‍ ഉടമസ്ഥനെ കണ്ടെത്തി

  • 18/10/2022

പത്തനംതിട്ട: പത്തനംതിട്ടയില്‍ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ചാക്ക് നിറയെ പണവും സാരിയും. പ്രമാടം പരിവേലിൽ പാലത്തിനു സമീപമാണ് റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കിൽ നാണയങ്ങളുമുണ്ട്. 

തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ഇവ ആദ്യം കണ്ടത്. ചാക്കിന് സമീപം കവർ പൊട്ടിക്കാത്ത സെറ്റ്സാരിയും ഉണ്ടായിരുന്നു. പുതിയ സാരി റോഡില്‍ കിടക്കുന്നത് കണ്ടു നോക്കിയപ്പോഴാണ് ഇതിന് അടുത്തായി ചാക്കും കണ്ടെത്തിയത്. വിവരമറിഞ്ഞ് പത്തനംതിട്ട എസ്എച്ച്ഒ ജോബി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. 

തുടര്‍ന്നാണ് സമീപത്തുള്ള ക്ഷേത്രത്തിലെ പൂജാരിയുടെ പണമടങ്ങിയ ചാക്ക് യാത്രക്കിടെ നഷ്ടപ്പെട്ടെന്ന വിവരം അറിയുന്നത്. ക്ഷേത്രത്തിലെത്തിയ വിശ്വാസികൾ ദക്ഷിണയായി നൽകിയ പണമാണ് പൂജാരിക്ക് നഷ്ടമായത്. പണം നഷ്ടമായ വിവരം ഇദ്ദേഹം എൻഎസ്എസ് കരയോഗം ഭാരവാഹികളെയും മറ്റും അറിയിച്ചിരുന്നു. വിവരമറിഞ്ഞ പൂജാരി പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ച് വിവരങ്ങൾ ബോധ്യപ്പെടുത്തിയ ശേഷം പണം കൈപ്പറ്റി.

Related News