ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊലപ്പെടുത്തി

  • 19/10/2022

തൃശൂർ: തൃശൂർ കേച്ചേരി പട്ടിക്കരയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീ കൊളുത്തി കൊന്നു. പട്ടിക്കര രായമരക്കാര്‍ വീട്ടില്‍ സഹദ്(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് പി സുലൈമാനെ (52) അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മകനെ ഒഴിവാക്കാനായാണ് കൊലപാതകം നടത്തിയതെന്ന് സുലൈമാൻ മൊഴി നൽകി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. മകനെ കൊലപ്പെടുത്താനായി തലേദിവസം തന്നെ ഇയാള്‍ ഡീസല്‍ വാങ്ങി ശേഖരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് തീകൊളുത്തിയത്.

സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനിടെ സുലൈമാനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
 
 

Related News