കുടുംബവഴക്ക്; ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

  • 20/10/2022

തിരുവനന്തപുരം: ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കമലേശ്വരം വലിയവീട് ലെയ്നിൽ ക്രസന്റ് അപ്പാർട്മെന്റിൽ കമാൽ റാഫി (52), ഭാര്യ തസ്നീം (42) എന്നിവരാണു മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്റെ നിഗമനം. 

ബുധനാഴ്ച വൈകിട്ടാണ് സംഭവം അറിയുന്നത്. കിടപ്പുമുറിയിൽ രണ്ടു കട്ടിലുകൾക്കു നടുവിലായി കിടക്കുന്ന നിലയിലായിരുന്നു തസ്നീമിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ കയർകൊണ്ടുള്ള കുരുക്കുണ്ടായിരുന്നു. ഈ കയറിന്റെ മറ്റേ അറ്റം ഉപയോഗിച്ചു ശുചിമുറിയിലെ ജനലിൽ കുരുക്കിട്ടു തൂങ്ങിയ നിലയിലായിരുന്നു റാഫിയുടെ മൃതദേഹം കണ്ടെത്തിയത്. 

വൈകിട്ട് അഞ്ചു മണിയോടെ മൂത്തമകൻ കോളജ് വിട്ടെത്തിയപ്പോൾ വാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം മുട്ടിയിട്ടും ഫോണിൽ വിളിച്ചിട്ടും വാതിൽ തുറക്കാതായതോടെ പൂന്തുറ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വാതിൽ തകർത്ത് അകത്തു കയറിപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. 

കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയായ റാഫിയും കുലശേഖരം സ്വദേശിനിയായ തസ്നീമും വർഷങ്ങളായി തിരുവനന്തപുരത്താണു താമസം. ഭാര്യയുമായുള്ള പ്രശ്നങ്ങൾ വെളിപ്പെടുത്തി റാഫി എഴുതിയ കുറിപ്പ് വീട്ടിൽ നിന്നു പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനും വിശദമായ പരിശോധനയ്ക്കും ശേഷമേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂയെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.

 

Related News