അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം; ഒളിവിലായിരുന്ന പ്രതി പിടിയില്‍

  • 21/10/2022

വിവിധ ജില്ലകളിലായി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. മലപ്പുറം കാലടി കൊട്ടരപ്പാട്ട് സജീഷ് ആണ് പിടിയിലായത്. കട്ടപ്പനയിൽ വെച്ചാണ് ഇയാള്‍ പിടിയിലായത്. 

കഴിഞ്ഞ 20 വര്‍ഷത്തോളമായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തി വരുകയായിരുന്നു ഇയാള്‍. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലായി 500ലേറെ ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. കോഴിക്കോട് ഒരു ദിവസം തന്നെ അഞ്ച് ക്ഷേത്രങ്ങളിൽ വരെ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന് സമീപ പ്രദേശത്തു നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച് അവ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻറ്, റെയില്‍വേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പാര്‍ക്ക് ചെയ്ത ശേഷം താക്കോല്‍ കൈവശം വെക്കുന്ന ഇയാള്‍ ഈ മേഖലയിലെ ക്ഷേത്രങ്ങളിൽ വീണ്ടും മോഷണം നടത്താൻ എത്തുമ്പോൾ ഈ ബൈക്കുകളാണ് ഉപയോഗിക്കുക. മോഷണ ശേഷം കിട്ടുന്ന പണവുമായി മുങ്ങുന്ന ഇയാൾ ഇടുക്കി കുമളിയില്‍ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്നതും പതിവായിരുന്നു.

മോഷണ ശേഷം കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ ചില്ലറ മാറാനെത്തിയ സജീഷിനെ സ്‌പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ക്ഷേത്രങ്ങളിലെ മോഷണവും പുറത്തറിയുന്നത്. നിരവധി വാഹന മോഷണക്കേസുകളിലും സജീഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 

2022 ജൂലൈ 17ന് മോഷണക്കേസില്‍ പെരിന്തല്‍മണ്ണ സബ് ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ പ്രതി ഇതിനു ശേഷം മാത്രം 30ലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News