ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടപ്പെടുത്തി; തിരിച്ചു പിടിക്കാന്‍ മോഷണം, യുവാവ് അറസ്റ്റില്‍

  • 21/10/2022

കുമളി: ഓൺലൈൻ റമ്മി കളിച്ച് പണം നഷ്ടമായതോടെ മോഷ്ടിക്കാനിറങ്ങിയ യുവാവ് പിടിയില്‍. വീട് നിർമിക്കാൻ സ്വരുക്കൂട്ടിയ പണമെടുത്താണ് ഓണ്‍ലൈന്‍ റമ്മി കളിച്ചത്. വണ്ടിപ്പെരിയാർ പുതുക്കാട് പുതുലയം സ്വദേശി യാക്കോബാണ് പിടിയിലായത്. 

വണ്ടിപ്പെരിയാർ മഞ്ചുമലയിൽ മൂന്നുപവൻ സ്വർണം മോഷണം പോയെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. പ്രദേശത്തെ അഞ്ചുവീടുകളിൽ നിന്നായി സ്വർണം മോഷണം പോയതായുള്ള പരാതികൾ കൂടി ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി. ആൾ താമസമില്ലാത്ത വീടിന് പുറത്ത് വെച്ചിരുന്ന താക്കോൽ എടുത്ത് വീട്ടിലെ അലമാര തുറന്ന് സ്വർണം മോഷ്ടിച്ചശേഷം തിരികെ അതേ സ്ഥലത്തു തന്നെ താക്കോൽ വെച്ചതോടെ മോഷണം നടന്നത് ആളുകൾ അറിഞ്ഞിരുന്നില്ല. ഇത്തരത്തിൽ ഒൻപത് പവനോളമാണ് മോഷ്ടിച്ചത്. 

പ്രദേശവാസികൾ സംശയം തോന്നിയവരുടെ പേരുകൾ പോലീസിനോട് പറയുകയും ചെയ്തു. ഇവരെ  ചോദ്യം ചെയ്യുന്നതിനിടെ യാക്കോബ് പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ ഇയാളെ സംശയിച്ചത്. വീടുപണിക്ക് കരുതിയിരുന്ന ഒന്നരലക്ഷം രൂപയോളം ഓൺലൈൻ റമ്മി കളിച്ച് നഷ്ടപ്പെട്ടതോടെ ഈ തുക കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related News