പ്രണയപ്പക; യുവതിയെ ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി, കഴുത്തറുത്തു കൊലപ്പെടുത്തി, പ്രതി പിടിയില്‍

  • 22/10/2022

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ വള്ള്യായില്‍ യുവതിയെ വീടിനുള്ളില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ  സംഭവത്തില്‍ പ്രതി പിടിയില്‍. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്തിനെയാണ് പോലീസ് പിടികൂടിയത്. 

പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയത്. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി ശ്യാംജിത്ത് മൊഴി നൽകി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു.

സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വിഷ്ണുപ്രിയയെ വീടിനകത്ത് കണ്ടെത്തിയത്.

അതേസമയം തൊപ്പിയിട്ട് ടീഷര്‍ട്ട് ധരിച്ച ഒരാളെ ഇവരുടെ വീടിന് മുന്നിലെ റോഡില്‍ കണ്ടതായി ചിലര്‍ മൊഴി നല്‍കി. സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചത്. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി. ശ്യാംജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  

Related News