വിഷ്ണുപ്രിയയുടെ സംസ്കാരം ഇന്ന്; കഴുത്തറുത്ത് കൊല്ലുപ്പെടുത്തിയെന്ന് സമ്മതിച്ച് പ്രതി ശ്യാംജിത്ത്

  • 23/10/2022

കണ്ണൂർ: കണ്ണൂര്‍ പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ സംസ്കാരം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയതിനു ശേഷമാണ് മൃതദേഹം സംസ്കരിക്കുക. ഇന്ന് രാവിലെ പത്തുമണിയോടെ പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടപടികൾ തുടങ്ങും. 

കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ശ്യാംജിത്ത് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ പിൻവാതിൽ വഴി അകത്തു കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ കുറ്റസമ്മതം. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് പ്രതി.

കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. പ്രതി ആയുധം വാങ്ങിയ കടയും കൃത്യം നടത്തിയതിനുശേഷം ആയുധങ്ങളും വസ്ത്രവും ഉപേക്ഷിച്ച കുളവും പോലീസ് തിരിച്ചറിഞ്ഞു.  

പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 മുറിവുകളുണ്ട്.  ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു. 

സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വിഷ്ണുപ്രിയയെ വീടിനകത്ത് കണ്ടെത്തിയത്.

Related News