വിഷ്ണുപ്രിയക്ക് കണ്ണീരോടെ വിട നല്‍കി നാട്; മൃതദേഹം സംസ്കരിച്ചു

  • 23/10/2022

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയക്ക് (23) നാട് വിട നല്‍കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം പാനൂർ വള്ള്യായിയിലെ വീട്ടിൽ മൃതദേഹം എത്തിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചത്.

വിഷ്ണുപ്രിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങൾ പുറത്തുവന്നു. കഴുത്ത് അറുത്താണ് പ്രതിയായ ശ്യാംജിത്ത് കൊലപാതകം നടത്തിയത്. കഴുത്ത് അറ്റു തൂങ്ങിയ നിലയിലായിരുന്നു. കയ്യിലും കാലിലും മാറിലും ആഴമേറിയ മുറിവുകളുണ്ട്. തലക്ക് പിന്നിൽ ശക്തമായ അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്.  

ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കത്തിയുപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ശ്യാംജിത്ത് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. വീടിന്റെ പിൻവാതിൽ വഴി അകത്തു കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ കുറ്റസമ്മതം. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് പ്രതി.

കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് കൊല്ലാൻ തീരുമാനിച്ചത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

സംഭവസമയത്ത് വിഷ്ണുപ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ അമ്മയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വിഷ്ണുപ്രിയയെ വീടിനകത്ത് കണ്ടെത്തിയത്.

Related News