രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് കേരളത്തിലെന്ന് മുഖ്യമന്ത്രി; കുറ്റക്കാർക്ക് സേനയിൽ സ്‌ഥാനമുണ്ടാകില്ല

  • 23/10/2022


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസ് സേനക്കെതിരെ കടുത്ത വിമർശനമുയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്. എൽഡിഎഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം.

 ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ലെന്ന് അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എൽഡിഎഫ് സർക്കാരിന്റെ വ്യത്യസ്തവും ജനകീയവുമായ പൊലീസിങ് നയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ല.

സംസ്‌ഥാനത്ത് കഴിഞ്ഞ ആറുവർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ കാര്യത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇച്ഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കുറ്റാന്വേഷണ മികവില്‍ കേരളാ പൊലീസ് രാജ്യത്ത് ഒന്നാമതാണ്. കാര്യക്ഷമതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. വർഗീയധ്രുവീകരണ ശ്രമങ്ങൾ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയർത്തിപ്പിടിച്ചുകൊണ്ട് ഇടപെടാൻ പൊലീസിന് കഴിഞ്ഞു. ദുരന്തനിവാരണ-രക്ഷാപ്രവർത്തന രംഗത്തും പൊലീസ് ജനങ്ങളോട് കൈകോർത്തു.
നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. അത്തരം  ഒറ്റപ്പെട്ട  കൃത്യങ്ങളിലേർപ്പെടുന്നവർ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്. അവരോട്  ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സേനയിൽ സ്‌ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷണ നടപടികളുണ്ടാവും. മികച്ച റെക്കോർഡുള്ള കേരള പൊലീസിനെ പൊതുജന മധ്യത്തിൽ തരംതാഴ്ത്തുന്ന ഏത് നീക്കങ്ങളെയും കർക്കശമായി നേരിടും. ജനകീയ മുഖവും സ്വഭാവവുമാണ് പൊലീസിന് വേണ്ടത്. അതിനെ അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല.

അതിന് മുതിരുന്നവർക്കെതിരെ കർശന നടപടി എടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ പൊലീസിനെ ലേബൽ ചെയ്യുന്നതിനോട് യോജിക്കാനാവില്ല. അത്തരം ലേബലിങ്ങിന് പ്രത്യക്ഷമായോ പരോക്ഷമായോ കാരണമാകുന്ന ചെയ്തികളിലേർപ്പെടുന്ന പൊലീസുകാരോട് ഒരു തരത്തിലുള്ള അനുഭാവവും സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുകയും വേണ്ട.

Related News