പ്രണയ നൈരാശ്യം; കൈ ഞരമ്പ് മുറിച്ച ശേഷം യുവതി പാലത്തിൽ നിന്നും ചാടി ജീവനൊടുക്കി

  • 26/10/2022

കൊച്ചി: കൊച്ചിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച ശേഷം പാലത്തിൽ നിന്നും ചാടി ജീവനൊടുക്കി. പാലാരിവട്ടം സ്വദേശിയായ അനൂജ(21)യാണ് ഇടപ്പള്ളി കുന്നുംപുറത്തിന് സമീപമുള്ള മുട്ടാര്‍ പാലത്തില്‍ നിന്നു  പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. 

തിങ്കളാഴ്ച പുലർച്ചെയാണ് അനൂജയെ വീട്ടില്‍ നിന്നും കാണാതായത്. പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ  രക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തി. ഇതോടെ ബന്ധുക്കള്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് രാവിലെ ഏലൂർ ഫെറിക്ക് സമീപത്ത് അനൂജയുടെ മൃതദേഹം കണ്ടെത്തിയത്. 

അനൂജയുടെ സ്‌കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്‌കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ യുവതി പുഴയിൽ ചാടിയതായി പെോലീസ് സംശയിച്ചു. തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം പ്രണയ നൈരാശ്യമാണെന്ന് യുവതിയുടെ കുറിപ്പിലുണ്ടെന്ന് പോലീസ് പറയുന്നു. 

കുന്നുംപുറം സ്വദേശിയായ ഒരു യുവാവുമായി അനൂജ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹമായിരുന്നു. വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തുകയും യുവാവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തതായാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

((ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)

Related News