പക്ഷിപ്പനി: സ്ഥിതിഗതികൾ വിലയിരുത്താൻ ഏഴംഗ കേന്ദ്രസംഘം കേരളത്തിലേക്ക്

  • 27/10/2022

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല കേന്ദ്ര സംഘം കേരളത്തിലേക്ക്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെതാണ് തീരുമാനം. ഏഴംഗ സംഘത്തെയാണ് സ്ഥിതിഗതികൾ വിലയിരുത്താൻ കേരളത്തിലേക്ക് അയക്കുക. ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർകുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെടുന്നതാണ് സംഘം. ബാംഗ്ലൂരിലെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ റീജിയണൽ ഓഫീസിലെ സീനിയർ ആർഡി ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതിഗതികൾ വിലയിരുത്തുക. 

ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാൻ ആരംഭിച്ചിട്ടുണ്ട്. രോഗബാധിത മേഖലയിലെ 20,471 താറാവുകളെയാണ് കൊല്ലുക. 15 തദ്ദേശ സ്ഥാപനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി രോഗ ബാധിത മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 20000 ത്തോളം പക്ഷികളെ കൊല്ലാനാണ് തീരുമാനം. ആദ്യഘട്ടം ഇന്നാരംഭിക്കും. ഇതിനായി എട്ട് റാപ്പിഡ് റെസ്‌പോൺസ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ക്രിസ്തുമസ് ഉൾപ്പടെയുള്ള സീസൺ വിപണനം പ്രതീക്ഷിച്ച കർഷകർക്ക് കനത്ത തിരിച്ചടിയാണ് അപ്രതീക്ഷിതമായി വന്ന പക്ഷിപ്പനി.

Related News