പരീക്ഷയ്ക്ക് പോയ യുവാവിന്റെ ബൈക്കിന്റെ താക്കോലൂരി സ്റ്റേഷനിലെത്തിച്ചു, പൊലീസ് കടുംപിടുത്തത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

  • 28/10/2022

കോഴിക്കോട്: പി എസ് സി ഉദ്യോഗാർഥിയെ വഴി തടഞ്ഞ് അവസരം നഷ്ടമാക്കിയ സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. പി എസ് സി പരീക്ഷ എഴുതാനുള്ള യാത്രാമദ്ധ്യേ രാമനാട്ടുകര സ്വദേശിയായ അരുണിന്റെ ഇരുചക്രവാഹനം തടയുകയും പരീക്ഷയുടെ കാര്യം വ്യക്തമാക്കിയിട്ടും വണ്ടിയുടെ താക്കോൽ ഊരി സ്റ്റേഷനിലേയ്ക്ക് എത്തിച്ച സംഭവത്തിന് കാരണക്കാരനായ പൊലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറോട് വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 22-നാണ് അരുണിനെ ട്രാഫിക് ഉദ്യോഗസ്ഥൻ ഗതാഗതനിയമ ലംഘനത്തിന്റെ പേരിൽ വഴി തടയുന്നത്. ബൈക്കിന്റെ താക്കോൽ ഊരി മാറ്റിയ സി പി ഒയോട് അരുൺ പി എസ് സി പരീക്ഷയ്ക്ക് പോവുകയാണ് എന്ന് ബോധിപ്പിച്ചിട്ടും അയയാൻ കൂട്ടാക്കാതെ ഫറോക്ക് സ്റ്റേഷനിലേയ്ക്ക് നിർബന്ധിച്ച് എത്തിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച ശേഷം സംഭവത്തിൽ വീഴ്ച മനസ്സിലാക്കിയ ഗ്രേഡ് എസ് ഐ അരുണിനെ ഉടൻ തന്നെ പൊലീസ് വാഹനത്തിൽ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചുവെങ്കിലും നിർദ്ദിഷ്ട സമയം കഴിഞ്ഞത് മൂലം അവസരം നഷ്ടമാവുകയായിരുന്നു.

സർക്കാർ ജോലി സ്വപ്നം കണ്ട് തയ്യാറെടുത്ത പരീക്ഷയിൽ പങ്കെടുക്കാനുള്ള അവസരം പൊലീസ് ഉദ്യോഗസ്ഥന്റെ വാശി മൂലം ഇല്ലാതായതിനെ തുടർന്ന് അരുൺ നൽകിയ പരാതിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് പ്രസാദിനെ ഡി സി പി സസ്‌പെൻറ് ചെയ്തു. 

ഇതിനെ കുറിച്ചുള്ള വാർത്തകൾ നിരീക്ഷിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിൻ മേലായിരിക്കും നടപടികൾ സ്വീകരിക്കുകയെന്ന് മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

Related News