മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കും നിയമം ബാധകം; കർശന നടപടി വേണമെന്ന് ഹൈക്കോടതി

  • 29/10/2022

മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കും കർശന നടപടി വേണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത്കുമാർ എന്നിവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസും എല്ലാ വാഹനങ്ങൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഇടക്കാല ഉത്തരവിന്മേൽ സ്വീകരിച്ച നടപടി വിശദീകരിച്ചു. ചട്ടങ്ങൾ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. കുറ്റക്കാരെന്ന് തെളിഞ്ഞ ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് സംസ്ഥാനതലത്തിൽ പരിശോധനകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കെഎസ്ആർടിസി ബസുകളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചു. വാഹനങ്ങളുപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയതിന്റെ വിഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകാനും അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിർദേശം നൽകി.

Related News