വനിതാ ഗ്യാസ് ഏജൻസി ഉടമയ്ക്ക് നേരെ കൊലവിളി; സിഐടിയുവിനെതിരെ കോൺഗ്രസ്, പ്രതിഷേധ മാർച്ച്

  • 29/10/2022

കൊച്ചി: എറണാകുളം വൈപ്പിനിൽ പാചകവാതക വിതരണ ഏജൻസി ഉടമയ്ക്ക് നേരെ കൊലവിളി നടത്തിയ സിഐടിയുവിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. സിഐടിയു ഉപരോധ സമരം നടത്തുന്ന ഗ്യാസ് ഏജൻസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ സ്ത്രീകളുടെ നേതൃത്വത്തിൽ സിഐടിയുവിനെതിരെ തുടർ സമരം സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.

എറണാകുളം വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമ  ഉമ സുധീറിന് നേരെയാണ് സിഐടിയുവിന്റെ ഭീഷണിയും അസഭ്യ വർഷവും നടന്നത്. സംഭവത്തിൽ ഉമ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ സർക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി അനുവദിച്ച വൈപ്പിനിലെ എ ആന്റ് എ ഗ്യാസ് ഏൻസിയിലാണ് തർക്കമുണ്ടായത്.

സിഐടിയു ഉപരോധ സമരത്തിൽ വൈപ്പിൻ കുഴുപ്പിള്ളിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ നിന്ന് പാചക വാതക വിതരണം തുടർച്ചയായ അഞ്ചാം ദിവസവും തടസ്സപ്പെട്ടു. ഈ ഉപരോധ സമരം അവസാനിപ്പിക്കണമെന്നും പട്ടിക ജാതിക്കാരിയായ വനിത സംരംഭകയ്ക്ക് നേരെ കൊലവിളി നടത്തിയ സിഐടിയു നേതാക്കൾക്ക് നേരെ നടപടിയും ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസിൻറെ പ്രതിഷേധ മാർച്ച്. എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.

അഞ്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനിടയിലാണ് സിഐടിയു നേതാക്കൾ വനിത സംരംഭയ്ക്ക് നേരെ കൊലവിളി നടത്തിയത്. ഇതിൽ സിഐടിയു നേതാവ് അനിൽ കുമാറടക്കം ഏഴ് പേർക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു. ഭർത്താവിനെ മർദ്ദിച്ചെന്നും ഗ്യാസ് ഏജൻസി ഉടമ ഉമ സുധീർ പരാതിയിൽ ആരോപിക്കുന്നു.  സംഭവത്തിൽ പട്ടികജാതി_പട്ടിക വർഗ കമ്മീഷനും പൊലീസിനോട് റിപ്പോർട്ട് തേടി. സിഐടിയു ഉപരോധ സമരം തുടരുന്ന സാഹചര്യത്തിൽ ഗ്യാസ് ഏജൻസിയ്ക്ക് പൊലീസ് സംരംക്ഷണം തേടി ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Related News