ആയുധങ്ങളുമായി വീട്ടിൽ കയറി ആക്രമണം, പിന്നാലെ ഒളിവിൽ; കാപ്പ കേസ് പ്രതി ബെംഗളൂരുവിൽ പിടിയിൽ

  • 29/10/2022

മാവേലിക്കര: വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളിൽ പ്രതിയായ മാവേലിക്കര തെക്കേക്കര വാത്തികുളം സുമ ഭവനത്തിൽ രാഹുൽ (നന്ദുമാഷ്, 23) നെ  ആണ് പൊലീസ് പിടികൂടിയത്. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 

ആലപ്പുഴ ജില്ല കലക്ടറുടെ നിർദ്ദേശപ്രകാരമാണ് രാഹുലിനെ കാപ്പ  ചുമത്തി അറസ്റ്റ് ചെയ്തത്. തനിക്കെതിരെ കാപ്പ നിയമപ്രകാരം നടപടി തുടങ്ങിയതായി അറിഞ്ഞതോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. ഭരണിക്കാവിലുള്ള ഒരാളുടെ വീട്ടിൽ മാരകയുധങ്ങളുമായി അതിക്രമിച്ചു കയറി അക്രമം നടത്തിയ ശേഷമാണ് രാഹുൽ ഒളിവിൽ പോയത്.  കൂട്ടുപ്രതികൾക്കും ഒപ്പമാണ് പ്രതി നാട് വിട്ടത്.  പൊലീസ് തന്നെ പിന്തുടരുന്നതായി മനസിലാക്കിയ പ്രതി ബാംഗളുരുവിലേക്കു കടക്കുകയായിരുന്നു. 

അന്വേഷണ സംഘം  പ്രതിയെ ബെംഗളൂരുവിലുള്ള ഒളിസാങ്കേതത്തിൽ നിന്നും സാഹസികമായി കീഴ്‌പ്പെടുത്തിയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് ഐ.പി.എസിന്റെയും ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ. ആർ. ജോസിന്റെയും നിർദ്ദേശനുസരണം കുറത്തികാട് ഐ.എസ്.എച്ച്.ഒ ജി. മനോജ്, എസ്.ഐ. സുനുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നൗഷാദ്, ബിജു, അനീഷ് .ജി. നാഥ്, സാദിക്ക് ലെബ്ബ, സിവിൽ പൊലീസ് ഓഫീസർ അരുൺ, ഹോം ഗാർഡ് വിജയകുമാർ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി ഡിമാൻഡ് ചെയ്ത പ്രതിയെ കാപ്പ നിയമപ്രകാരം തടങ്കലിൽ പാർപ്പിക്കുന്നതിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും.

Related News