ഷാരോൺ കൊലപാതകം: ഗ്രീഷ്മയെ ഇന്ന് അറസ്റ്റ് ചെയ്യും, അന്വേഷണത്തിൽ ഗുരുതര വീഴ്ച്ച ആരോപിച്ച് കുടുംബം

  • 30/10/2022

തിരുവനന്തപുരം: പാറശാല ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി ഇന്ന് തെളിവെടുക്കും. ഇതിനു ശേഷം  നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെ എട്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്റെ കൊലപതാകത്തിന്റെ ചുരുൾ അഴിഞ്ഞത്. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്ത വരുത്താനും തെളിവുകൾ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. ഇതിനായി ഗ്രീഷ്മയെ കസ്റ്റഡയിൽ വാങ്ങി ചോദ്യംചെയ്യും.

ഷാരോൺ കൊലപാതക കേസിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ. ഷാരോൺ കഴിച്ച കാഷായത്തിൽ ബന്ധുക്കൾ സംശയം ഉന്നയിച്ചിട്ടും, ഇത് കണക്കിലെടുക്കാതെ പെൺകുട്ടിയുടെ മൊഴി മാത്രം വിശ്വസിച്ച്, അന്വേഷണത്തിന്റെ തുടക്കത്തിലേ പൊലീസ് ഉഴപ്പി. പൊലീസിന്റെ വീഴ്ചയെ കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാൻ എഡിജിപി പാടുപെട്ടു. ഷാരോണിന്റെ മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിനോൺ ചൂണ്ടിക്കാട്ടുന്നു. ഷാരോൺ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഴിച്ച കഷായത്തിൽ വീട്ടുകാർ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പൊലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചു. 

ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസിന്റെ നിലപാട്. വീട്ടുകാർ ഉന്നയിച്ച സംശയങ്ങൾ തുടക്കത്തിലേ പരിഗണിച്ചിരുന്നെങ്കിൽ, നേരത്തെ തന്നെ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു എന്ന് വ്യക്തം. ഒറ്റദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതിച്ച കേസിൽ, ദിവസങ്ങളായി വീട്ടുകാർ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ  ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ എഡിജിപി എംആർ അജിത് കുമാർ നല്ല പോലെ ബുദ്ധിമുട്ടി. പ്രതിയുടെ മൊഴികളിലെ  വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും.

Related News