പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്: മേയർ ആര്യ രാജേന്ദ്രൻ

  • 31/10/2022

തിരുവനന്തപുരം: പാറശ്ശാലയില്‍ ഷാരോണ്‍ രാജിനെ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാര്‍ത്തകളാണ് തുടര്‍ച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതില്‍ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം. ഇത് ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കല്‍പ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു.


നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകള്‍ ഇല്ലാത്ത പ്രണയ ലോകങ്ങള്‍ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയില്‍ ഉണ്ടാക്കാന്‍ നമുക്ക് ജാഗ്രത കാട്ടാമെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കുകയാണ് അന്വേഷണസംഘം.ഗ്രീഷ്മയുടെ വീട്ടില്‍പോയ ദിവസം ഷാരോണ്‍ ധരിച്ച വസ്ത്രങ്ങള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കി. ഈ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്‌ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

Related News