ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ്, വിഷക്കുപ്പി കണ്ടെടുത്തു

  • 01/11/2022

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്‍മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് പോലീസ് വിഷക്കുപ്പി കണ്ടെത്തിയത്. 

വീട്ടിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളും കീടനാശിനിയുടെ ലേബലും കിട്ടിയിട്ടുണ്ട്. കീടനാശിനി കളയാൻ ഉപയോഗിച്ച സ്കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. വീട് പൊലീസ് സീൽ ചെയ്തു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് ഷാരോൺ രാജിന്‍റെ കുടുംബം ആവര്‍ത്തിച്ചിരുന്നു. 

ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർത്തിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവരെ കൂടിയാണ് ഇപ്പോൾ പോലീസ് പ്രതി ചേർത്തത്.  ഇരുവരും ചേർന്ന് വിഷം ചേർത്ത കഷായത്തിന്‍റെ കുപ്പി നശിപ്പിച്ചുവെന്നും കണ്ടെത്തി. 

ഒക്ടോബർ14ന് ഗ്രീഷ്മ നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്ന് വിഷം നൽകിയെന്നാണ് ഗ്രീഷ്മ പോലീസിനോട് പറഞ്ഞത്.

Related News