വിവാഹ പിറ്റേന്ന് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വിഷപ്പൊടി ഉള്ളില്‍ച്ചെന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

  • 02/11/2022

മുതലമട: പാലക്കാട് ജില്ലയിലെ മുതലമടയില്‍ വിവാഹം കഴിഞ്ഞതിന്‍റെ പിറ്റേ ദിവസം ആദിവാസി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്ത്. വിഷപ്പൊടി ഉള്ളില്‍ ചെന്നാണ് മരണമെന്ന് പോലീസ്. 

ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനിയെ (22) ആണ് തിങ്കളാഴ്ച വൈകീട്ടോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചതെന്ന് പോലീസ് അറിയിച്ചു. നന്ദിനിയും കുടുംബവും പൊള്ളാച്ചി ഉടയകുളം സ്വദേശികളാണ്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ നന്ദിനിയെ കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ എഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട് പൊള്ളാച്ചി കാളിയാപുരത്തെ കെവിനുമായി ഞായറാഴ്ച ആയിരുന്നു നന്ദിനിയുടെ വിവാഹം നടന്നത്. 

വിവാഹ ശേഷം അന്നു തന്നെ നന്ദിനി ഭര്‍ത്താവ് കെവിന്‍റെ കാളിയാപുരത്തെ വീട്ടിലേക്ക് പോയി. അന്ന് തന്നെ ഇവര്‍ ചെമ്മണാംപതിയില്‍ തിരിച്ചെത്തുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പെട്ടെന്ന് വരാമെന്ന് പറഞ്ഞ് നന്ദിനി തോട്ടത്തിന്‍റെ ഭാഗത്തേക്ക് പോയെങ്കിലും ഏറെ സമയം കഴിഞ്ഞും കണ്ടില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ ശ്മശാനത്തിന് അടുത്തായി നന്ദിനിയെ അവശനിലയില്‍ കിടക്കുന്നതായി കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം നടത്തും. 


Related News