വിലക്കയറ്റം; പൂഴ്ത്തിവയ്പ്പ് തടയാൻ നടപടികളാരംഭിച്ച് സർക്കാർ

  • 02/11/2022

അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവർധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാൻ നടപടികളാരംഭിച്ച് സർക്കാർ. ഭക്ഷ്യമന്ത്രി ജിആർ അനിലിന്റെ നേതൃത്വത്തിൽ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വില വർധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തൽ.

പൂഴ്ത്തിവെപ്പ് തടയുന്നതിനായി പ്രധാന സംഭരണ കേന്ദ്രങ്ങളിൽ പരിശോധനയ്ക്കും കർശന നടപടിക്കുമാണ് നീക്കം. ഇത് സംബന്ധിച്ചാണ് മന്ത്രി ജി ആർ അനിലിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. ഓൺലൈൻ ആയി ചേരുന്ന യോഗത്തിൽ ഭക്ഷ്യ, ലീഗൽ മെട്രോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.

അനിയന്ത്രിതമായുണ്ടായ വിലവർധനവിൽ ഇടനിലക്കാർക്കും മൊത്തക്കച്ചവടക്കാർക്കും പങ്കുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ആന്ധ്രയിൽ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതോടെ പ്രശനപരിഹാരമുണ്ടാകുമെന്നും ഭക്ഷ്യവകുപ്പ് കരുതുന്നു. അതിനിടെ പച്ചക്കറി വില വർധനവിൽ ഇടപെടലാവശ്യമുണ്ടോ എന്ന കാര്യം കൃഷിവകുപ്പ് പരിശോധിച്ച് വരികയാണ്.

Related News