സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍

  • 03/11/2022

ദില്ലി: സമാന്തര ഭരണത്തിന് ശ്രമിച്ചാൽ നടപ്പില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയ്ക്ക് സ്വർണക്കടത്ത് കേസ് ആയുധമാക്കി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മറുപടി. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന് ഗവർണർ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സര്‍വകലാശാലകളിൽ നിയമിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചാലും താൻ ഇടപെടും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രാജിവെച്ചത് എന്തിനെന്ന് ചോദിച്ച ഗവർണർ വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലേയെന്നും ചോദിച്ചു. 


സ്വപ്‍ന സുരേഷിന് ജോലി നല്‍കിയത് എങ്ങനെയാണ് ? അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ് ? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ ? ശിവശങ്കര്‍ ആരായിരുന്നു ? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ് ? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

രാജ്ഭവൻ രാഷ്ട്രീയ നിയമനം നടത്തിട്ടില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. ആര്‍ എസ് എസ് നോമിനിയെ പോയിട്ട് തന്‍റെ ഒരാളെപ്പോലും നിയമിച്ചിട്ടില്ല. മറിച്ചാണെന്ന് തെളിയിച്ചാൽ രാജിവെക്കാമെന്നും ഗവര്‍ണര്‍ ദില്ലിയിൽ പറഞ്ഞു. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. മന്ത്രി പ്രസ്‍താവന ആവർത്തിച്ച് നോക്കട്ടെ. ദേശീയ ഐക്യത്തെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയത്. കേരളത്തിലുള്ളവർ വിവിധ സംസ്ഥാനങ്ങളിൽ ജീവിക്കുന്നുണ്ട്. അപകടകരമായ പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

Related News