മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു

  • 03/11/2022

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ആത്മഹത്യ ചെയ്തു. കോട്ടക്കലിന് സമീപം കുറ്റിപ്പാല ചെട്ടിയാം കിണറിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.  മക്കളായ ഫാത്തിമ മര്‍സീവ (4), മറിയം (1) എന്നിവരെ കൊലപ്പെടുത്തിയ ശേഷം മാതാവ് സഫ്‍വ കിടപ്പുമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. 

കിടപ്പുമുറിയിലാണ് സഫ്‍വയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കുട്ടികളെ സമീപത്തുമാണ് കണ്ടെത്തിയത്. രണ്ടു കുട്ടികളെയും ഷാൾ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം സഫ്‍വ ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഭര്‍ത്താവ് ഉറങ്ങിക്കിടക്കെവെയാണ് മക്കളെ കൊലപ്പെടുത്തി യുവതി തൂങ്ങിമരിച്ചത്. ചെട്ടിയാംകിണര്‍ സ്വദേശി റാഷിദ് അലിയുടെ ഭാര്യയാണ് സഫ്‌വ. 

സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് അലി മറ്റൊരു മുറിയുമാണ് കിടന്നിരുന്നത്. രാവിലെ സാധാരണ എഴുന്നേല്‍ക്കുന്ന സമയമായിട്ടും സഫ്‌വയെ കാണാതായതോടെ റാഷിദ് അലി സഫ്‌വയും മക്കളും കിടന്ന മുറിയിലെത്തിയപ്പോഴാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം ചിന്തകൾ മനസിലേക്ക് വരുമ്പോൾ തനിച്ചിരിക്കുന്നത് ഒഴിവാക്കുകയും സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)
 

Related News