വിദേശ യാത്രയെക്കുറിച്ച് അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ

  • 03/11/2022

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഗവർണർ കത്തയച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവരം തന്നെ അറിയിച്ചില്ലെന്നാണ് കത്തിൽ ആരോപിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് മടങ്ങിയെത്തുന്ന ഗവർണർ, സർക്കാരുമായുള്ള വിവിധ വിഷയങ്ങളിലെ തർക്കത്തിൽ സ്വീകരിക്കാനിരിക്കുന്ന നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നതിന് ഇടയിലാണ് ഈ കത്ത്. മുഖ്യമന്ത്രി ചട്ടം ലംഘിച്ചെന്നാണ് ഗവർണറുടെ ആരോപണം. മുഖ്യമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്. 

പത്ത് ദിവസത്തെ വിദേശ യാത്രയെ കുറിച്ച് അറിയിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ ആർക്കാണ് പകരം ചുമതലയെന്ന് അറിയിച്ചില്ലെന്നുമാണ് ഗവർണർ കത്തിൽ ആരോപിക്കുന്നത്. അതിനിടെ സിപിഎമ്മിൻറെ സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്നും സംസ്ഥാന സമിതി യോഗം അടുത്ത രണ്ട് ദിവസങ്ങളിലും ചേരും. ഗവർണർ വിഷയം മുഖ്യവിഷയമാകും. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് അടക്കം ചർച്ചയായേക്കും.

പൊതുമേഖല സ്ഥാനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ  സർക്കാർ നടപടി പാർട്ടിയെ അറിയിക്കാതെയാണെന്ന് സംസ്ഥാന സെക്രട്ടറി ഇന്നലെ പറഞ്ഞിരുന്നു. ഈ വിഷയവും യോഗത്തിൽ ഉന്നയിക്കപ്പെട്ടേക്കും. സുപ്രധാനമായ വിഷയത്തിൽ പാർട്ടി അറിയാതെ എങ്ങിനെ സർക്കാർ ഉത്തരവ് വന്നുവെന്ന് യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിക്കെതിരെ ഗവർണർ അയച്ചിരിക്കുന്ന കത്തടക്കമുള്ള വിഷയങ്ങളും യോഗം ചർച്ച ചെയ്‌തേക്കും.

Related News