സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

  • 03/11/2022

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറുമായുള്ള തർക്കം രൂക്ഷമായിരിക്കെ സിപിഎമ്മിൻറെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യമടക്കം  സിപിഎം ഗൗരവമായി പരിഗണിക്കുന്നുണ്ട്. 

ഗവർണർക്ക് എതിരായ സമരം സിപിഎം കൂടുതൽ ശക്തമാക്കും. പൊതുമേഖല സ്ഥാനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം പാർട്ടിയെ അറിയിക്കാത്ത വിഷയവും ചർച്ചയ്ക്ക് വരും. പെൻഷൻ പ്രായം അറുപത് ആക്കി ഉയർത്താനുള്ള തീരുമാനം പാർട്ടി അറിഞ്ഞിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. പാർട്ടി അറിയാതെ ഇങ്ങനെ ഒരുത്തരവ് എങ്ങനെ വന്നുവെന്ന കാര്യവും നേതൃയോഗങ്ങളിൽ ചർച്ചയ്ക്ക് വരും.

അതിനിടെ സർക്കാർ നൽകിയ പേരുകൾ തള്ളി ശാസ്ത്ര സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല ഡോ സിസി തോമസിന് ഗവർണർ നൽകിയിരിക്കുകയാണ്. ശാസ്ത്ര സാങ്കേതിക വകുപ്പിലെ സീനിയർ ജോയിൻറ് ഡയറക്ടറാണ് സിസി തോമസ്. സർക്കാർ നൽകിയ പല പേരുകളും പരിഗണിക്കാതെയാണ് സീനിയറായ പ്രൊഫസർക്ക് ഗവർണർ ചുമതല നൽകിയത്. ഡിജിറ്റൽ സർവകലാശാല വിസിക്ക് ചുമതല നൽകണമെന്നായിരുന്നു ആദ്യം സർക്കാർ ആവശ്യപ്പെട്ടത്. പിന്നീട് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകണം എന്നാവശ്യപ്പെട്ടു. എന്നാൽ ഇത് രണ്ടും തള്ളിക്കൊണ്ടാണ് ഗവർണറുടെ തീരുമാനം. കെടിയു വിസി ആയിരുന്ന ഡോ രാജശ്രീയെ യുജിസി യോഗ്യതയില്ലെന്ന് പറഞ്ഞ് സുപ്രീംകോടതി പുറത്താക്കിയതോടെയാണ് ഒഴിവ് വന്നത്. 

Related News