പെൻഷൻ പ്രായം 60 വയസായി ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍

  • 04/11/2022

തിരുവനന്തപുരം: പൊതുമേഘലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍ പ്രായം 60 വയസായി ഉയര്‍ത്തിയ തീരുമാനം മരവിപ്പിച്ച്‌ സര്‍ക്കാര്‍. ഒക്ടോബര്‍ 30-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച്‌ കൊണ്ടുള്ള പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. പെന്‍ഷന്‍ പ്രായ വര്‍ധനവുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനായി ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ഉദ്യോഗാര്‍ഥി വിരുദ്ധമാണെന്ന വിമര്‍ശനവുമായി ഇടത്പക്ഷ യുവജന സംഘടനകളടക്കം രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കാനായി മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.


എംപ്ലോയീസ് പ്രോവിഡന്റ് പെന്‍ഷന്‍ സ്കീം മാത്രമുള്ള ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലും നിലവില്‍ 58 ആണ് പെന്‍ഷന്‍പ്രായം. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, ജല അതോറിട്ടി എന്നിവയൊഴിച്ചുള്ള 122 പൊതുമേഖലാ സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍പ്രായം അറുപതാക്കി ഏകീകരിച്ച്‌ ശനിയാഴ്ച ഉത്തരവിറക്കിയത്. ഇത് മരവിപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളില്‍ 56, 58, 60 എന്നിങ്ങനെയുള്ള പെന്‍ഷന്‍പ്രായം അതേ നിലയില്‍ തുടരും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായ വിവാദത്തില്‍ സി പി എം നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ ഉത്തരവിറക്കിയത് പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Related News