കാറിൽ ചാരി നിന്ന ബാലനെ ചവിട്ടി തെറിപ്പിച്ചു; പ്രതി അറസ്റ്റില്‍, വധശ്രമത്തിന് കേസ്

  • 04/11/2022

കണ്ണൂർ: കണ്ണൂർ തലശേരിയിൽ കാറിൽ ചാരി നിന്ന ബാലനെ യുവാവ് ചവിട്ടി തെറിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കുട്ടിയെ മർദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ഷിനാദ് (20) ആണ് കുട്ടിയെ ചവിട്ടിയത്. രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷിനാണ് പരിക്കേറ്റത്. കുട്ടിയുടെ നടുവിന് സാരമായി പരിക്കേറ്റു. 

സംഭവത്തില്‍ മുഹമ്മദ് ഷിനാദിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്ന് രാവിലെയാണ് മുഹമ്മദ് ഷിനാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പോലീസ് ആദ്യം തയ്യാറായിരുന്നില്ല.  കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ന്യായമാണ് സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ യുവാവ് പറഞ്ഞത്. 

കാറില്‍ കുട്ടി ചാരിയത് ഇയാള്‍ക്ക് ഇഷ്ടപ്പെടാത്തതാണ് മര്‍ദ്ദനത്തിന് കാരണം. ചവിട്ട് കുട്ടി പ്രതികരിക്കാതെ മാറി നില്‍ക്കുകയായിരുന്നു. വിഷയത്തില്‍ ബാലാവകാശ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. അതേസമയം കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 
 

Related News