കുടുംബ വഴക്ക് ഒത്തു തീര്‍പ്പാക്കാനെത്തി; ഭാര്യയുടെ അച്ഛനെയും അളിയനെയും ചുറ്റികയ്ക്ക് അടിച്ചു, പ്രതി പിടിയില്‍

  • 04/11/2022

ദേവികുളം: ദേവികുളത്ത് കുടുംബ വഴക്ക് ഒത്ത് തീര്‍പ്പാക്കാനെത്തിയ യുവാവ് ഭാര്യ പിതാവിനെയും മകനെയും ആക്രമിച്ചു. സംഭവത്തില്‍ ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ടി. സുബ്രമണ്യന്‍ മണിയെ അറസ്റ്റ് ചെയ്തു. പ്രതികളായ ഇയാളുടെ സഹോദരനും ഭാര്യയും ഒളിവിലാണ്. 

കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കുടുംബവഴക്കിനെ കുറിച്ച് അന്വേഷിച്ച് ഒത്തു തീര്‍പ്പാക്കാനെത്തിയ പഴയ മൂന്നാര്‍ ഡിവിഷനില്‍ കറുപ്പ് സ്വാമി, മകന്‍ മണികണ്ഠന്‍ എന്നിവരെയാണ് മൂന്നുപേരും ചേര്‍ന്ന് ആക്രമിച്ചത്. സുബ്രമണ്യന്‍ ചുറ്റിക ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഭാര്യാ പിതാവിന്‍റെ അഞ്ച് വാരിയെല്ലുകള്‍ ഒടിഞ്ഞു. 

കമ്പിവടി കൊണ്ടുള്ള അടിയേറ്റ് മണികണ്ഠന്‍റെ തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related News